Isaiah 10

1 2ദരിദ്രരുടെ അവകാശങ്ങൾ അപഹരിക്കുന്നതിനും
എന്റെ ജനത്തിൽ അടിച്ചമർത്തപ്പെട്ടവർക്കു നീതി നിഷേധിക്കുന്നതിനും
വിധവകളെ അവരുടെ ഇരയാക്കുന്നതിനും
അനാഥരെ കൊള്ളയിടുന്നതിനുംവേണ്ടി
ന്യായമല്ലാത്ത നിയമങ്ങൾ ആവിഷ്കരിക്കുന്നവർക്കും
അടിച്ചമർത്തുന്ന ഉത്തരവുകൾ പുറപ്പെടുവിക്കുന്നവർക്കും അയ്യോ, കഷ്ടം!
3ശിക്ഷാവിധിയുടെ ദിവസത്തിൽ,
ദൂരെനിന്നും നാശം വന്നുചേരുമ്പോൾ, നിങ്ങൾ എന്തുചെയ്യും?
സഹായത്തിനായി ആരുടെ അടുത്തേക്കു നിങ്ങൾ ഓടിച്ചെല്ലും?
നിങ്ങളുടെ ധനം നിങ്ങൾ എവിടെ സൂക്ഷിക്കും?
4ബന്ധിതരുടെ ഇടയിൽ താണുവീണ് അപേക്ഷിക്കുകയോ
വധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ വീഴുകയോ അല്ലാതെ മറ്റൊരു മാർഗവും അവശേഷിക്കുകയില്ല.

ഇതൊന്നുകൊണ്ടും അവിടത്തെ കോപം നീങ്ങിപ്പോയിട്ടില്ല,
അവിടത്തെ കൈ ഇപ്പോഴും ഉയർന്നുതന്നെയിരിക്കുന്നു.

അശ്ശൂരിന്റെമേൽ ദൈവത്തിന്റെ ന്യായവിധി

5“എന്റെ കോപത്തിന്റെ ദണ്ഡായ അശ്ശൂരിന് അയ്യോ, കഷ്ടം!
എന്റെ ക്രോധത്തിന്റെ ഗദ അവരുടെ കൈയിൽ ആണ്.
6അഭക്തരായ ഒരു ജനതയ്ക്കെതിരേ ഞാൻ അവനെ അയയ്ക്കുന്നു,
എന്റെ കോപത്തിനിരയായ ജനത്തിന് എതിരേതന്നെ,
കൊള്ളയിടുന്നതിനും കവർച്ചചെയ്യുന്നതിനും
തെരുവിലെ ചെളിപോലെ അവരെ ചവിട്ടിമെതിക്കുന്നതിനുംതന്നെ.
7എന്നാൽ അവന്റെ ഉദ്ദേശ്യം അതല്ല,
അവന്റെ മനസ്സിലുള്ളതും അതല്ല;
അവന്റെ ലക്ഷ്യം നശീകരണമാണ്,
അനേകം ജനതകളെ ഛേദിച്ചുകളയുന്നതത്രേ അവന്റെ താത്പര്യം.
8അവൻ പറയുന്നു, ‘എന്റെ സൈന്യാധിപന്മാർ എല്ലാവരും രാജാക്കന്മാർ അല്ലേ?
9കൽനെ കർക്കെമീശുപോലെയല്ലേ?
ഹമാത്ത് അർപ്പാദുപോലെയും,
ശമര്യ ദമസ്കോസ്പോലെയും അല്ലേ?
10എന്റെ കൈ വിഗ്രഹങ്ങളുടെ രാജ്യങ്ങൾ പിടിച്ചടക്കിയിരിക്കുന്നു,
ജെറുശലേമിലും ശമര്യയിലും ഉള്ളവയെക്കാൾ വലിയ വിഗ്രഹങ്ങളോടുകൂടിയ രാജ്യങ്ങൾത്തന്നെ—
11ശമര്യയോടും അവളുടെ വിഗ്രഹങ്ങളോടും ചെയ്തതുപോലെ,
ജെറുശലേമിനോടും അവളുടെ വിഗ്രഹങ്ങളോടും ഞാൻ ചെയ്യേണ്ടതല്ലേ?’ ”
12സീയോൻപർവതത്തിലും ജെറുശലേമിലും കർത്താവു തന്റെ പ്രവൃത്തി ചെയ്തുകഴിയുമ്പോൾ, “ഞാൻ അശ്ശൂർരാജാവിനെ, അവന്റെ ഹൃദയത്തിലെ തന്നിഷ്ടത്തോടുകൂടിയ അഹന്തയും കണ്ണുകളിലെ അഹങ്കാരം നിറഞ്ഞ നോട്ടവും, ശിക്ഷിക്കും. 13അവൻ പറയുന്നു:

“ ‘എന്റെ കരബലംകൊണ്ടാണ് ഞാനിതു ചെയ്തത്;
എന്റെ ജ്ഞാനത്താലും, കാരണം എനിക്ക് അറിവുണ്ടായിരുന്നു.
ഞാൻ രാഷ്ട്രങ്ങളുടെ അതിർത്തികൾ നീക്കംചെയ്യുകയും
അവരുടെ നിക്ഷേപങ്ങൾ കൊള്ളയടിക്കുകയും ചെയ്തു;
ഒരു പരാക്രമശാലിയെപ്പോലെ അവരുടെ രാജാക്കന്മാരെ ഞാൻ കീഴ്പ്പെടുത്തി.
14പക്ഷിക്കൂട്ടിൽനിന്ന് എന്നതുപോലെ,
എന്റെ കരം രാഷ്ട്രങ്ങളുടെ സമ്പത്ത് അപഹരിച്ചു;
ഉപേക്ഷിക്കപ്പെട്ട മുട്ടകൾ ശേഖരിക്കുന്നതുപോലെ,
ഞാൻ രാജ്യങ്ങൾ മുഴുവനും പെറുക്കിയെടുത്തു;
ചിറകടിക്കുന്നതിനോ വായ് തുറന്നു
ചിലയ്ക്കുന്നതിനോ ആർക്കും കഴിഞ്ഞിരുന്നില്ല.’ ”

15വെട്ടുന്നവനോടു കോടാലി വമ്പു പറയുമോ?
അറക്കുന്നവനോട് ഈർച്ചവാൾ വീമ്പടിക്കുമോ?
വടി അത് ഉപയോഗിക്കുന്നവനെ നിയന്ത്രിക്കുന്നതുപോലെയും
ഗദ മരമല്ലാത്തവനെ ഉയർത്തുന്നതുപോലെയും ആണ്.
16അതുകൊണ്ട്, കർത്താവ്, സൈന്യങ്ങളുടെ യഹോവ,
കരുത്തരായ യോദ്ധാക്കളുടെമേൽ ക്ഷയിപ്പിക്കുന്ന രോഗം അയയ്ക്കും;
അവരുടെ ആഡംബരത്തിൻകീഴേ
അഗ്നിജ്വാലയായിമാറുന്ന ഒരു തീ കൊളുത്തപ്പെടും.
17ഇസ്രായേലിന്റെ പ്രകാശം ഒരു അഗ്നിയായും
അവരുടെ പരിശുദ്ധൻ ഒരു ജ്വാലയായും മാറും;
അതു ജ്വലിച്ച്, ഒറ്റദിവസംകൊണ്ട് അവന്റെ
മുള്ളുകളും മുൾച്ചെടികളും ദഹിപ്പിച്ചുകളയും.
18അവിടന്ന് അവന്റെ കാടിന്റെയും ഫലഭൂയിഷ്ഠമായ നിലത്തിന്റെയും മഹത്ത്വം
പരിപൂർണമായും നശിപ്പിക്കും,
അതു ഒരു രോഗി ക്ഷയിച്ചു പോകുന്നതുപോലെയായിരിക്കും.
19അവന്റെ വനത്തിൽ അവശേഷിക്കുന്ന വൃക്ഷങ്ങൾ
ഒരു കുഞ്ഞിന് എണ്ണാവുന്നതുപോലെ പരിമിതമായിരിക്കും.

ഇസ്രായേലിന്റെ ശേഷിപ്പ്

20ആ ദിവസം ഇസ്രായേലിൽ ശേഷിച്ചവരും
യാക്കോബുഗൃഹത്തിൽ രക്ഷപ്പെട്ടവരും
തങ്ങളെ പ്രഹരിച്ചവനിൽ
ആശ്രയിക്കാതെ
ഇസ്രായേലിന്റെ പരിശുദ്ധനായ യഹോവയിൽ
ആത്മാർഥതയോടെ ആശ്രയിക്കും.
21ഒരു ശേഷിപ്പു മടങ്ങിവരും,
മൂ.ഭാ. ശെയാർ-യാശൂബ് വാ. 23 കാണുക.
യാക്കോബിന്റെ ശേഷിപ്പുതന്നെ,
ശക്തനായ ദൈവത്തിലേക്കുതന്നെ മടങ്ങിവരും.
22ഇസ്രായേലേ, നിന്റെ ജനം കടൽപ്പുറത്തെ മണൽത്തരിപോലെ അസംഖ്യമെങ്കിലും,
അതിൽ ഒരു ശേഷിപ്പുമാത്രമേ മടങ്ങിവരുകയുള്ളൂ.
നീതി കവിഞ്ഞൊഴുകുന്ന
സംഹാരം നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
23കർത്താവ്, സൈന്യങ്ങളുടെ യഹോവ,
ഉത്തരവിറക്കിയതുപോലെ സർവഭൂമിയിലും നാശംവരുത്തും.
24അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:

“സീയോനിൽ അധിവസിക്കുന്ന എന്റെ ജനമേ,
ഈജിപ്റ്റുകാർ ചെയ്തതുപോലെ അശ്ശൂര്യർ
തങ്ങളുടെ ദണ്ഡ് നിങ്ങൾക്കെതിരേ ഉയർത്തുകയും
ചൂരൽകൊണ്ട് നിങ്ങളെ അടിക്കുകയുംചെയ്താൽ നിങ്ങൾ ഭയപ്പെടേണ്ട.
25വളരെവേഗംതന്നെ നിങ്ങൾക്കെതിരേയുള്ള എന്റെ കോപം ശമിക്കുകയും
എന്റെ ക്രോധം അവരുടെ നാശത്തിനായി തിരിച്ചു വിടുകയും ചെയ്യും.”

26സൈന്യങ്ങളുടെ യഹോവ ഓരേബിലെ പാറയ്ക്കടുത്തുവെച്ചു
മിദ്യാനെ ചമ്മട്ടികൊണ്ട് അടിച്ചതുപോലെ അവരെ അടിക്കും;
ഈജിപ്റ്റിൽവെച്ചു ചെയ്തതുപോലെ
അവിടന്നു സമുദ്രത്തിന്മേൽ വടി ഉയർത്തിപ്പിടിക്കും.
27അന്ന് അവരുടെ ഭാരം നിന്റെ തോളിൽനിന്ന് ഉയർത്തപ്പെടും
നിന്റെ കഴുത്തിലുള്ള അവരുടെ നുകംതന്നെ;
നിന്റെ പുഷ്ടി നിമിത്തം
ആ നുകം തകർക്കപ്പെടും.

28അവർ അയ്യാത്തിൽ എത്തി,
മിഗ്രോനിൽക്കൂടി കടന്നുപോയി;
മിക്-മാസിൽ തങ്ങളുടെ പടക്കോപ്പുകൾ സൂക്ഷിക്കുന്നു.
29അവർ ചുരം കടന്നു,
“ഗേബായിലെത്തി അവിടെ രാത്രി ചെലവഴിക്കും” എന്നു പറയുന്നു.
രാമാ വിറയ്ക്കുന്നു;
ശൗലിന്റെ ഗിബെയാ ഓടി മറയുന്നു.
30ഗാല്ലീംപുത്രീ, ഉറക്കെ നിലവിളിക്കുക!
ലയേശേ, ശ്രദ്ധിക്കുക!
പീഡിതയായ അനാഥോത്തേ!
31മദ്മേനാ പലായനം തുടങ്ങിയിരിക്കുന്നു.
ഗബീം നിവാസികൾ രക്ഷതേടി അലയുന്നു.
32ഈ ദിവസംതന്നെ അവൻ നോബിൽ താമസിക്കും;
സീയോൻപുത്രിയുടെ മലയുടെനേരേ,
ജെറുശലേം കുന്നിന്റെനേരേ
അവർ മുഷ്ടി ചുരുട്ടും.

33നോക്കൂ, സൈന്യങ്ങളുടെ യഹോവയായ കർത്താവ്
വലിയ മരക്കൊമ്പുകളെ വെട്ടിമുറിച്ചുകളയും;
പൊക്കത്തിൽ വളർന്നവയെ അവിടന്ന് വെട്ടിയിടും,
ഉയർന്നവയെ താഴ്ത്തുകയും ചെയ്യും.
34അവിടന്നു വനത്തിലെ കുറ്റിക്കാടുകളെ മഴുകൊണ്ടു വെട്ടിക്കളയും;
ലെബാനോനും ബലവാന്റെ കൈയാൽ വീഴും.
Copyright information for MalMCV